Skip to main content

തൊട്ടപ്പൻ സിനിമ




ഫ്രാൻസിസ് നൊറോണയുടെ ചെറുകഥ കുറച്ച് കാലം മുന്നേ തന്നെ വായിച്ചിരുന്നതാണ്. പ്രമേയ സ്വീകരണത്തിലെ അസാധാരണത്വവും ഭാഷയിലെ ഭാവതീവ്രതയും കൊണ്ട് ആ കഥകൾ ആഴത്തിൽ മനസ്സിൽ പതിഞ്ഞതുമാണ്. അതിലെ തൊട്ടപ്പൻ എന്ന കഥ സിനിമയാകുന്നു എന്നുകേട്ടപ്പോൾ സംശയം തോന്നി. ഭാഷയുടെ കരുത്ത് കൊണ്ട് നിർമ്മിച്ച ആ കഥ സിനിമയാകുമ്പോൾ എങ്ങിനെയാവും എന്നതായിരുന്നു മനസ്സിലേക്ക് എത്തിയ ചിന്ത.



ചെറുകഥയുടെ കഥാ പരിസരത്തേക്ക് കുറേക്കൂടി കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്തിരിക്കുന്നു തിരക്കഥാകൃത്തും സംവിധായകനായ ഷാനവാസ് കെ ബാവക്കുട്ടിയും. കഥയുടെ ഭാഷയിലെ ജീവനും ഊർജ്ജവും ദൃശ്യഭാഷയിലേക്ക് കുറെയൊക്കെ പരിഭാഷപ്പെടുത്താനായിരിക്കുന്നു അവർക്ക്.


സമൂഹത്തിലെ മുഖ്യ ധാരയിൽ നിന്നും, മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ട കുറെ ജീവിതങ്ങളുടെയും ജീവിത പരിസരങ്ങളുടെയും ശക്തമായ കടന്നുവരവിൻ്റെ കാലത്തെ ഒരിക്കൽകൂടി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. ആ നിലയ്ക്ക് മധ്യ/ഉപരി വർഗ്ഗങ്ങളുടെ ജീവിത പശ്ചാത്തലങ്ങളിൽ ആണ് കഥപറച്ചിൽ പൊലിപ്പിക്കാനാവുക എന്ന മലയാള ചലച്ചിത്ര പൊതുബോധത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുന്നുണ്ട് ചിത്രം.


സൗഹൃദവും പകയും പ്രണയവും രതിയും വാത്സല്യവും എല്ലാം അത്ഭുതകരമാം വിധം ഒന്നിച്ചു ചേർത്തിരിക്കുന്നു സിനിമയിൽ.

കഥാപാത്രങ്ങളെല്ലാം തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്. തൊട്ടപ്പനായി വിനായകൻ്റെ വേഷപ്പകർച്ച സ്ക്രീനിൽ നിന്ന് മനസ്സിലേക്ക് കൂടുമാറ്റം നടത്തുന്നത് സ്വാഭാവികത യോടെയാണ്. സാറയായി അഭിനയിച്ച പ്രിയംവദയും, റോഷൻ മാത്യുവും ദിലീഷ് പോത്തനും മികച്ച അനുഭവങ്ങൾ നൽകുന്നുണ്ട്.



കഥാപാത്രങ്ങളുടെയും പ്രകൃതി പരിസരങ്ങളുടെയും ദ്യശ്യങ്ങളെ ഊർജ്ജതയോടെ പകർത്തിയെടുക്കാൻ സുരേഷ് രാജൻ്റെ കാമറയ്ക്കായിരിക്കുന്നു. രാത്രി  ദൃശ്യങ്ങളുടെ ഭംഗിയും മനസ്സിൽ തങ്ങിനിൽക്കുന്നതാണ്.


പാട്ടുകളും പശ്ചാത്തല സംഗീതവും കാഴ്ച നൽകുന്ന ഭാവത്തിന് മികച്ച പിന്തുണ നൽകുന്നുണ്ട്. ലൈവ് മ്യൂസിക്കിന് സമാനമായ റെക്കോർഡുകൾ നാടകീയമായ അനുഭവം നൽകുന്നുണ്ട്. തൂമ്പ് പാട്ട് ആദ്യമായിട്ടായിരിക്കണം ഒരു സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്.


കടമക്കുടിയുടെ സൗന്ദര്യം തനിമയോടെ പകർത്തിയിട്ടുണ്ട് സിനിമയിൽ. കണ്ടൽക്കാടുകളുടെയും കണ്ടത്തിൻ്റെയും ചിറകളുടെയും ചതുപ്പുകളുടെയും തുടങ്ങി മലയാള സിനിമ അധികമൊന്നും കണ്ടു പരിചയിക്കാത്ത അനേക പ്രകൃതി ദൃശ്യങ്ങളുടെ പരിസരത്തിലാണ് സിനിമ കഥ പറച്ചിൽ നടത്തുന്നത്.


Comments

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

യുദ്ധവിരുദ്ധ കൈയ്യടയാള ശേഖരണം നടത്തി

ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ഏഴിക്കര ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ യുദ്ധവിരുദ്ധ ഒത്തുചേരലും കൈയ്യടയാള ശേഖരണവും നടത്തി.  "അണുയുദ്ധത്തിൽ വിജയികളില്ല അതിന്നു ശേഷം ജീവിതവും" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ കൈപ്പത്തികൾ ചായത്തിൽ മുക്കി തിരശ്ശീലയിൽ പതിപ്പിച്ച് യുദ്ധരഹിത സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  എൽപി ക്ലാസുകൾ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിയിൽ പങ്കുചേർന്നു. പത്താം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരെക്കുറിച്ചുള്ള ദീപ്തമായ സ്മരണയുണർത്തി. ആദ്യ കയ്യടയാളം പതിപ്പിച്ചു കൊണ്ട് സ്കൂൾ പ്രധാന അധ്യാപിക അനിൽസല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥി ആമിന ഹിരോഷിമ ദിന സന്ദേശം അവതരിപ്പിച്ചു. മനുഷ്യരാശിക്കു മുകളൽ പതിച്ച വലിയ പ്രരഹരങ്ങളിൽ ഒന്നാണ് ഹിരോഷിമയിലെ ആണവായുധ ആക്രമണം. മനുഷ്യത്വം മരവിച്ച ആ ചരിത്ര സന്ധിയുടെ ഭീതിതമായ ഓർമ്മകൾ പുതുക്കുന്ന ഈ സന്ദർഭത്തിലും യുദ്ധം മനുഷ്യവംശത്തിന്റെ പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഉക്രൈനിലും പാലസ്തീനിലും തുടരു...