Skip to main content

പേടകം നൽകുന്ന പ്രത്യാശ





ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്.

2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്.

അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്.

ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു.

പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതരാഷ്ട്രീയ ഭരണം ജനജീവിതത്തിൻ്റെ സ്വാഭാവികതയിൽ നടത്തുന്ന ഇടപെടലുകളും അതിൻറെ നേർക്കുള്ള കലാലയത്തിൻറെ പ്രതിരോധ സ്വരങ്ങളും മാഗസീൻ അടയാളപ്പെടുത്തുന്നു.



കീഴാള രാഷ്ട്രീയത്തിൻറെ പ്രതിനിധീകരണമായ 'തെയ്യ'ത്തിൽ തുടങ്ങി ഭയം - ഭരണ രൂപത്തിൽ വരുന്ന  ആൾക്കൂട്ട ആക്രമണം, പശു രാഷ്ട്രീയം, കർഷക ആത്മഹത്യ, തീവ്രദേശീയത തുടങ്ങിയവയെല്ലാം വിവിധ ഭാഗങ്ങളായി മാഗസിൻ പ്രശ്നവൽക്കരിക്കുന്നു.


കലാലയ ചുവരുകൾക്കകത്തെയും പുറത്തെയും സദാചാര പോലീസിങ്ങിനെതിരെ ശക്തമായ കടന്നാക്രമണം നടത്തുന്നു ചില പരാമർശങ്ങൾ. വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ നേരിടുന്ന  അസ്വാതന്ത്ര്യവും വീർപ്പുമുട്ടിക്കുന്ന സദാചാര നോട്ടങ്ങളും മാഗസിൻ പ്രത്യേക പരിഗണനയോടെ, ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. മാനേജ്മെൻ്റിൻ്റെ അസഹിഷ്ണുതാപൂർണമായ സദാചാര കണ്ണുകൾ സിസിടിവി ക്യാമറയുടെ രൂപത്തിൽ കോളേജിലെ പല മൂലകളിലും സ്ഥാപിക്കപ്പെടുമ്പോൾ ഹാസ്യ രൂപത്തിലുള്ള രൂക്ഷവിമർശനം  കാരിക്കേച്ചർ രൂപത്തിൽ നൽകിയിരിക്കുന്നത് ഹൃദ്യമായിരിക്കുന്നു.


മാഗസിൻ്റെ മറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രമായി മാറുന്നത് സംവരണ വിഷയത്തിൽ Mr. സണ്ണി എം കപിക്കാടുമായി നടത്തിയ അഭിമുഖമാണ്.  ഇന്ത്യൻ സാമൂഹിക സാഹചര്യത്തിലെ സമുദായ സംവരണത്തിൻ്റെ സാധുതയെപ്പറ്റി അടിസ്ഥാന ധാരണ പകരുന്നതാണ് ആ അഭിമുഖം.

ഭയം നിർമ്മിച്ച ചലച്ചിത്രകാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആൽഫ്രെഡ് ഹിച്ച്കോക്ക് നെക്കുറിച്ചുള്ള ലേഖനവും മലയാള സിനിമയിലെ പെണ്മയുടെ പ്രതിഷേധം ഉയർത്തിപ്പിടിച്ച ഡബ്ല്യുസിസി സി യെ കുറിച്ചുള്ള ലേഖനവും ശ്രദ്ധേയമാണ്.

ദുരിതാശ്വാസ ക്യാമ്പ് ആയി മാറിയ യുസി കോളേജിൽ പ്രളയത്തിൻ്റെ അഞ്ചു ദിനങ്ങളിൽ നടന്ന സേവന പ്രവർത്തനങ്ങളെക്കുറിച്ചുള്ള കലാലയ യൂണിയൻ ചെയർമാൻ സുധീഷ് ശിവൻ്റെ ഓർമക്കുറിപ്പുകൾ അപ്രതീക്ഷിതമായ പ്രളയത്തിൻ്റെ ഭീതിയും, അതിജീവനത്തിനായുള്ള ആവേശവും, വായനക്കാരിലേക്ക് പകർന്നു നൽകുന്നു.



എന്നാൽ ഈ മാഗസിൻ ഇറങ്ങി മാസങ്ങൾക്ക് ഇപ്പുറവും ഈ വായനാനുഭവക്കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ച ഘടകം ഇവയ്ക്കെല്ലാം അപ്പുറം മറ്റൊന്നാണ്. അത് ഇതിൽ ശക്തമായി ചർച്ചചെയ്യപ്പെടുന്ന ശബരിമല യുവതി പ്രവേശനത്തിനെ സംബന്ധിച്ച എഴുത്തുകളാണ്. മൂന്നു കവിതകളും ഒരു കഥയും ഒരു ലേഖനവും ആ വിഷയത്തിൽ എഴുതി മാഗസിൻ ചർച്ചകളിൽ പ്രധാനമായ വിഷയമായി ലിംഗനീതി ശബരിമലയുടെ പശ്ചാത്തലത്തിൽ ഉയർത്തിക്കൊണ്ടു വരുന്നു.  കവിതകൾ ലളിതവും ഹാസ്യത്തിൻ്റെ പശ്ചാത്തലമുള്ളവയുമാണ്.

കവിതകളിൽ ചിലത് പ്രകോപനപരമായി പൊതുബോധത്തിന് അനുഭവപ്പെടാൻ സാധ്യതയുള്ളതാണ്. അതുവഴി ഈ മാഗസിൻ വിവാദമാവുകയും കേരളത്തിലെ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യുപ്പെടുകയും ചെയ്യുമെന്ന് ഇത് ഇറങ്ങിയ കാലത്ത് ഞാൻ പ്രതീക്ഷിച്ചിരുന്നു.

ശബരിമല വിഷയത്തിലാണ് മാഗസിനിലെ ഏറ്റവും മികച്ച ലേഖനമായി എന്ന് എനിക്കനുഭവപ്പെട്ട "പമ്പ കടന്നവിശ്വാസം" ഉള്ളത്.

"വികാരങ്ങളെ മറയാക്കി വസ്തുതകളെ മറക്കുന്ന സത്യാനന്തര പ്രവണത" ശബരിമല വിഷയത്തിൽ ഏതുതരത്തിൽ പ്രവർത്തിക്കുന്നു എന്ന് ഈ ലേഖനം വിശദമാക്കുന്നു. മതാതീതമായ സമൂഹത്തിലെ മത പരിഷ്കരണത്തിൻ്റെ ആവശ്യകതയെ ചരിത്രത്തിൻ്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ലേഖനം ചർച്ച ചെയ്യുന്നു.

വിശ്വാസത്തെയും പാരമ്പര്യത്തെയും കൂട്ടുപിടിച്ച് ജനതയെ കീഴടക്കി ഭയത്തിന് അടിമപ്പെടുത്തി ഭരിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ശബ്ദമുയർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുന്നതാണ് ഈ മാഗസിൻ. ലളിതവും ആഴത്തിലുള്ളതുമായ എഴുത്തും എഴുത്തിലും മികച്ചുനിൽക്കുന്ന വരയും മാഗസിനെ മികച്ചതാകുന്നു.


Comments

  1. പണ്ടത്തെ കോളേജ് മാഗസിനുകളെക്കാൾ ഇന്നത്തെ കാലത്തെ കോളേജ് മാഗസിനുകൾ കുറച്ച് കൂടി പുരോഗമിച്ചെന്ന് തോന്നുന്നു.
    പ്രവാഹിനി

    ReplyDelete
    Replies
    1. കലാലയ മാഗസിനുകളെ തീർത്തും അരാഷ്ട്രീയവൽക്കരിക്കാനുള്ള പ്രവണതകളും ഇക്കാലത്ത് വർധിച്ചുവരുന്നുണ്ട്. ആ സാഹചര്യത്തിൽ ഇത്തരത്തിലുള്ള തുറന്നു രാഷ്ട്രീയം സംസാരിക്കുന്ന മാഗസീനുകൾ ആശ്വാസകരമാണ്.

      Delete
  2. പ്രീത പറഞ്ഞ അതേ അഭിപ്രായമാണ് തോന്നിയത്. ഇപ്പോഴത്തെ കുട്ടികൾ കുറെ കൂടി ആഴത്തിൽ സമൂഹത്തിലെ പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നുണ്ട്.

    ReplyDelete
  3. ആദ്യമായാണ് ഒരു കോളേജ് മാഗസിനെ കുറിച്ചുള്ള വായനാനുഭവം വായിക്കുന്നത്. കാമ്പുള്ള എഴുത്തുകൾ ഇത്തരം മാഗസിനുകളിൽ വരുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
    പുതിയ ചിന്തകളും എഴുത്തുകളുമായി ബ്ലോഗ് ഉണരട്ടെ നവീൻ :) ആശംസകൾ 

    ReplyDelete
    Replies
    1. വായിച്ചതിലും പ്രതികരണം രേഖപ്പെടുത്തിയതിനും വളരെ സന്തോഷം. നിങ്ങളെപ്പോലുള്ള പരിചയസമ്പന്നരായ ബ്ലോഗർമാരുടെ തുടർന്നുള്ള പിന്തുണ പ്രതീക്ഷിക്കുന്നു

      Delete
  4. വിലയിരുത്തൽ നന്നായിട്ടുണ്ട്. ഇനിയും വരട്ടെ. ആശംസകൾ

    ReplyDelete
    Replies
    1. ഒരുപാടു വിഷയങ്ങളിൽ തുടർന്നും എഴുതണമെന്നുണ്ട്. തീർച്ചയായിട്ടും ഇനിയും എഴുതും.

      Delete
  5. നന്നായി എഴുത്തും വിലയിരുത്തലും .. സത്യം പറഞ്ഞാൽ ഇത്തരം മാഗസിനുകൾ ആണ് ഇനിയുള്ള കാലത്ത് പത്രങ്ങൾക്ക് പകരം വീട്ടിൽ വായിക്കാൻ എത്തിക്കേണ്ടത് ..

    ReplyDelete
  6. മാഗസിനെപ്പറ്റിയുള്ള വായനാനുഭവം ആദ്യമായാണ് വായിക്കുന്നത്‌. ഹൃദ്യമായി

    ReplyDelete
    Replies
    1. വളരെ നന്ദി വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും

      Delete
  7. Replies
    1. ആ മാഗസിനും തീർച്ചയായും വായിക്കേണ്ട ഒന്നാണ് . ഈ കാലഘട്ടത്തിലുള്ള അരാഷ്ട്രീയത കുത്തിനിറച്ച കോളേജ് മാഗസിനുകളിൽ നിന്നും തീർത്തും വ്യത്യസ്തമായതാണ്.

      Delete
  8. മാഗസിൻ വായിക്കട്ടെ. പറയാം.

    ReplyDelete
  9. ആഹാ.. ഇത് ഉഷാറായിക്കല്ലോ..
    ഇത്തരത്തിലൊരു മാസിക വിശകലനം ആദ്യമായിട്ട് കാണുകയാണ്.. കേട്ടിട്ട് മാസികയും ഇങ്ങനെയുള്ളത് ആദ്യം..

    എന്തയാലും സംഗതി മനോഹരമായിട്ടുണ്ട്..

    ReplyDelete
  10. മാഗസിൻ വായനാനുഭവം നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...