പ്രണയത്തെക്കുറിച്ചെന്തുപറയാൻ?"
അഗാധവ്യസനം
നിറമില്ലാത്ത കഠിനനോവ്
എന്തുപറയാനിനി...
ആയിരം മൗനങ്ങൾ
സൂചിമുനകളായെൻ്റെ
കരളിനെ നുറുക്കുമ്പോഴും പ്രണയാഗ്നിയെന്നിലെരിയുന്നു.
(പ്രണയപുരാണം)
മ്യൂസ് മേരി ജോർജ് എഴുതിയ ആദ്യത്തെ കവിതാസമാഹാരമാണ് ഇസ്പേഡുറാണി. മേഘരൂപികൾ, ശേഷം, ഒരുവർ, പ്രണയപുരാണം, മടക്കം, ഇസ്പേഡ് റാണി, പ്രണയത്തോട്, നിദ്രാടനം, നിഴൽശൈത്യം, ജ്ഞാനസ്നാനം, വെയിൽക്കൊള്ളികൾ, നിദ്രാടനം, ചെടിമരങ്ങൾക്ക് എന്നിവയടക്കം 37 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
നിൻ്റെ
നഗരത്തിൽ വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിൻ്റെ
ചുംബനത്തിൽനിന്ന്
എൻ്റെ
ശ്വാസത്തെ തിരിച്ചെടുക്കലാണ്.
(മറക്കുമ്പോൾ)
തെളിച്ചമുള്ള ഓർമ്മകളിൽ നിന്ന് രൂപകങ്ങൾ നിറഞ്ഞ ഭാഷകൊണ്ട് മ്യൂസ് മേരി കവിതകളെഴുതുകയാണ്.
ബിംബങ്ങൾ നിറഞ്ഞ ബിബ്ലിക്കലായ ഭാഷാ പ്രമേയ രീതികളും ടീച്ചറുടെ പ്രത്യേകതകളാണ്.
"മഹാ ജ്വലനങ്ങളിൽ ഇരമ്പിനിൽപ്പതും വ്യഥ, പരിയാപ്പുണരലിൽ വിതുമ്പി നിൽപ്പതും വ്യഥ" എന്ന് തിരിച്ചറിയുന്നവയാണ് മ്യൂസ് മേരിയുടെ കവിതകളെന്നും സിൽവിയാപ്ലാത്ത് മുതൽ കമലാദാസ് വരെയുള്ള ഒരു സ്ത്രീ ഭാവ കവിതാ പാരമ്പര്യത്തിലാവാം ഈ കവിതകളുടെ സ്ഥാനനിർണ്ണയം നടത്തേണ്ടതെന്നും അവതാരികയിൽ സച്ചിദാനന്ദൻ.
മണ്ണാണു ഞാൻ
പൊട്ടിത്തെറിക്കില്ല
കരളു പുകഞ്ഞും ഉള്ളം നിറഞ്ഞും വെന്തുപൊരിയുന്ന
മണ്ണാണു ഞാൻ
ടീച്ചറുടെ കവിതകളുടെ ആന്മാവിനെ തൊടുന്നതാണ് പുസ്തകത്തിൻ്റെ ഒടുവിലായി കൊടുത്തിരിക്കുന്ന "ഉടലുമുടുപ്പും മണ്ണും" എന്ന പേരിൽ കെ.എം.വേണുഗോപാൽ എഴുതിയ വിശദപഠനം.
"ഒറ്റ ജന്മത്തിൽ അവസാനിക്കാത്ത കടങ്ങളുടെയും വീടലുകളുടെയും കഥയാണ് മ്യൂസ് മേരിയുടെ കവിത.
മ്യൂസിൻ്റെ സ്നേഹം ഒരു പെരുമാറ്റമല്ല. ഒരാൾ തന്നെ സ്നേഹമായി തീരുന്നതിൻ്റെ വിങ്ങലുകളാണ്" എന്ന് വേണുഗോപാൽ.

🌹🙏
ReplyDelete🌻
Delete